“ലോകചരിത്രത്തെ മാറ്റിമറിച്ച ഒരു മഹത്തായ ജനാധിപത്യ പരീക്ഷണത്തിന്റെ—അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികത്തിന് മലയാളീപത്രത്തിന്റെ ഊഷ്മളമായ ആശംസകൾ.”
രണ്ടര നൂറ്റാണ്ടുകൾക്ക് മുൻപ് സ്വാതന്ത്ര്യത്തിന്റെ പുതിയൊരു പുലരിയിലേക്ക് കണ്ണുതുറന്ന അമേരിക്ക ഇന്ന് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും വ്യതിരിക്തവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോളതലത്തിൽ അധികാര സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുകയും, അമേരിക്കയുടെ ലോകവേദിയിലെ സ്ഥാനം ഒരു പുതിയ ഭാവതലത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ഈ സുദിനം ആഴത്തിലുള്ള ചില ചിന്തകൾക്ക് വഴിവെക്കുന്നു.
ഇന്ന് അമേരിക്ക നിൽക്കുന്നത് ചരിത്രത്തിന്റെ ഒരു നിർണ്ണായകമായ മാനസിക സാമുദായിക പ്രതാലത്തിലാണ്. ഒരിക്കൽ ചോദ്യം ചെയ്യപ്പെടാത്ത ഏകധ്രുവ ശക്തിയായിരുന്ന അവസ്ഥയിൽ നിന്നും, വികേന്ദ്രീകൃതമായ ഒരു പുതിയ ലോകക്രമത്തിലേക്ക് രാജ്യം ഇന്ന് ചുവടുവെക്കുന്നു.
ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങളും, ആഗോള രാഷ്ട്രീയത്തിലെ പുനർക്രമീകരണങ്ങളും അമേരിക്കയെ തങ്ങളുടെ മുൻഗണനകൾ പുതുക്കാൻ പ്രേരിപ്പിക്കുന്നു.
ലോകത്തിന് മുന്നിൽ ജനാധിപത്യത്തിന്റെ കാവലാളായി നിൽക്കുമ്പോഴും, സ്വന്തം മണ്ണിലെ സാമൂഹിക-രാഷ്ട്രീയ വ്യത്യാസങ്ങളെ സമന്വയിപ്പിക്കുക എന്ന വലിയ ഭാരിച്ച ഉത്തരവാദിത്തം ഇന്ന് അമേരിക്കയ്ക്ക് മുന്നിലുണ്ട്.
കുടിയേറ്റത്തിന്റെ ആത്മാവിൽ ഉയിർകൊണ്ട അമേരിക്ക വിയർപ്പിൽ പണിതുയർത്തിയ ഒരു സാമ്രാജ്യംമാണ്.
മാറ്റങ്ങളുടെ കൊടുങ്കാറ്റിലും അമേരിക്ക എന്ന ആശയത്തെ തളർത്താതെ നിർത്തുന്നത് അവിടുത്തെ ഭരണാധികാരികൾ മാത്രമല്ല, മറിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങോട്ടേക്ക് ഒഴുകിയെത്തിയ കുടിയേറ്റക്കാരുടെ കഠിനാധ്വാനവും സ്വപ്നങ്ങളുമാണ്. അമേരിക്കയുടെ ചരിത്രമെന്നത് യഥാർത്ഥത്തിൽ കുടിയേറ്റത്തിന്റെ ചരിത്രമാണ്. തങ്ങളുടെ സ്വന്തം നാടും വീടും ഉപേക്ഷിച്ച്, അന്യമായൊരു മണ്ണിലേക്ക് ഒരു പെട്ടി നിറയെ സ്വപ്നങ്ങളുമായി ചേക്കേറിയ മനുഷ്യർ ഈ രാജ്യത്തിന്റെ അടിത്തറ ശക്തമാക്കി. പ്രതിസന്ധികളിൽ തളരാതെ അവർ പൊരുതിയത് സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമല്ല, തങ്ങൾക്ക് അഭയം നൽകിയ രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി കൂടിയായിരുന്നു.
ഇന്ത്യൻ-മലയാളി ജനതയുടെ സുവർണ്ണമുദ്രകൾ
ഈ 250-ാം വാർഷിക വേളയിൽ, ലോകമെമ്പാടുമുള്ള മലയാളി സമൂഹം അഭിമാനത്തോടെ ഓർക്കേണ്ടത് അമേരിക്കയുടെ വളർച്ചയിൽ ഇന്ത്യൻ, പ്രത്യേകിച്ച് മലയാളി പ്രവാസികൾ അടക്കം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെക്കുറിച്ചാണ്. കേരളത്തിന്റെ ഹരിതാഭമായ ഗ്രാമങ്ങളിൽ നിന്നും അമേരിക്കയിലെ വൻനഗരങ്ങളിലേക്ക് കുടിയേറിയ മലയാളി, തന്റെ കഠിനാധ്വാനവും സംസ്കാരവും കൊണ്ട് ആ മണ്ണിൽ ഒരു സുവർണ്ണ ചരിത്രം തന്നെയാണ് രചിച്ചത്.
അമേരിക്കൻ ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മുൻനിരയിൽ നിന്ന് പോരാടിയ മലയാളി നഴ്സുമാരും ഡോക്ടർമാരും ആ രാജ്യത്തിന്റെ ജീവനാഡിയായി മാറി കഥ പഴയകഥയല്ല. സിലിക്കൺ വാലിയിലെ ഐടി വിപ്ലവം മുതൽ വൻകിട വ്യവസായ സംരംഭങ്ങളുടെ നേതൃത്വത്തിൽ വരെ ഇന്ന് ഇന്ത്യൻ-മലയാളി സാന്നിധ്യം പ്രകടമാണ്.
തനത് പൈതൃകവും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് തന്നെ, അമേരിക്കൻ സമൂഹത്തിന്റെ ഭാഗമാകാനും രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കാനും നമ്മുടെ ജനതയ്ക്ക് സാധിച്ചു.
പ്രത്യാശയുടെ പുതിയ പുലരി അമേരിക്ക ഇന്ന് ലോകവേദിയിൽ ഏത് ഘട്ടത്തിലായാലും, അവിടെ ജീവിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഹൃദയമിടിപ്പാണ് ആ രാജ്യത്തിന്റെ യഥാർത്ഥ കരുത്ത്. ഭരണകൂടങ്ങൾ മാറാം, നയങ്ങൾ മാറാം; എന്നാൽ കഠിനാധ്വാനം ചെയ്യുന്നവനെ നെഞ്ചോട് ചേർക്കുന്ന അമേരിക്കൻ സ്വപ്നത്തിന്റെ അന്തസ്സത്ത മാറാതെ നിലനിൽക്കും.
മാറുന്ന ഈ ലോകക്രമത്തിൽ, വരുംതലമുറകൾക്കും വഴിവിളക്കാകാൻ അമേരിക്കയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്, ഈ ചരിത്രമുഹൂർത്തത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പ്രവാസി സഹോദരങ്ങൾക്കും അമേരിക്കൻ ജനതയ്ക്കും ‘മലയാളി പത്രത്തിന്റെ’ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!
– Dr Babu Philip Anjanattu (Chief Editor)

