ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരങ്ങളുടെ തീവ്രത നവരാത്രി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി കുറയ്ക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചതിന് പിന്നാലെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയി. ഞായറാഴ്ച ഗോവയിലെ മഡ്ഗാവിൽ ബിജെപിക്കെതിരെയുള്ള പദയാത്രയിലും റാലിയിലും പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം വിയറ്റ്‌നാമിലേക്ക് തിരിച്ചത്. വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിയിലേക്കാണ് രാഹുൽ പോയതെന്നാണ് വിവരം.
സന്ദർശനത്തെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും യാത്ര തികച്ചും സ്വകാര്യമാണെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകരണം. നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം വൻ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി രാഹുൽ ഗാന്ധി തിരിച്ചെത്തുമെന്നും തുടർ സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്നുമാണ് അറിയുന്നത്.
അതേസമയം, രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ സമയം വിശ്രമിക്കുന്ന വ്യക്തിയാണ് രാഹുലെന്നും, പിന്നീട് വോട്ട് കവർച്ചയെന്ന് ആരോപിച്ച് ബഹളമുണ്ടാക്കുകയാണെന്നും ബിജെപി വക്താക്കൾ സമൂഹമാധ്യമമായ എക്സിലൂടെ പരിഹസിച്ചു. നവരാത്രി സമയത്ത് രാഹുൽ ഗാന്ധി വിദേശത്ത് എന്തുചെയ്യുകയാണെന്നും, അവധി ആഘോഷിക്കുകയാണോ അതോ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നതിലെ തന്റെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുകയാണോ എന്നും ബിജെപി നേതാക്കൾ ചോദിച്ചു.

