അഡലെയ്ഡ്: മാരകമായ അർബുദ ബാധയെത്തുടർന്ന് സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ കനിവ് തേടുകയാണ് അഡലെയ്ഡിലെ ഒരു കുടുംബം. പത്ത് വർഷം മുൻപ് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ന് ഈ കുടുംബത്തിന് വിദേശത്തേക്ക് പോകേണ്ടി വരുമായിരുന്നില്ല.
പതിനൊന്ന് വയസ്സുകാരനായ ലെവിക്കാണ് ‘മെഡുല്ലോബ്ലാസ്റ്റോമ’ എന്ന അതീവ ഗുരുതരമായ മസ്തിഷ്ക അർബുദം ബാധിച്ചത്. ഒൻപതാം വയസ്സിൽ രോഗം തിരിച്ചറിഞ്ഞ ലെവിക്ക് രണ്ട് തവണ കീമോതെറാപ്പിയിലൂടെയും റേഡിയേഷനിലൂടെയും രോഗശമനം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ മൂന്നാം തവണയും കാൻസർ തിരിച്ചെത്തിയിരിക്കുകയാണ്. “മൂന്നാം തവണയും രോഗം വന്നാൽ കുട്ടികൾ രക്ഷപ്പെടാൻ സാധ്യത കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അവന് ഇപ്പോൾ ടോയ്‌ലറ്റിലേക്ക് നടക്കാൻ പോലും ആവുന്നില്ല,” ലെവിയുടെ അമ്മ ജേഡ് എൽസ്റ്റൺ വിതുമ്പലോടെ പറഞ്ഞു.
കുട്ടികളിലെ അർബുദ ചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായ ‘പ്രോട്ടോൺ തെറാപ്പി’ (Proton Therapy) മാത്രമാണ് ഇനി ലെവിയുടെ മുൻപിലുള്ള ഏക വഴി. ഈ അത്യാധുനിക ചികിത്സാ സൗകര്യം സൗത്ത് ഓസ്‌ട്രേലിയയിൽ ലഭ്യമാക്കുമെന്ന് 2016-ൽ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി നോർത്ത് ടെറസിലെ ബ്രാഗ് സെന്ററിൽ (Bragg Centre) 500 മില്യൺ ഡോളർ ചിലവാക്കി കെട്ടിടവും അത് സജ്ജീകരിക്കാനുള്ള ബങ്കറും നിർമ്മിച്ചു. എന്നാൽ യന്ത്രം മാത്രം ഇതുവരെ എത്തിയില്ല.
യന്ത്രം നിർമ്മിക്കാനുള്ള കരാർ ഏറ്റെടുത്ത കമ്പനിയുമായി ബന്ധപ്പെട്ട നിയമതർക്കങ്ങളാണ് പദ്ധതി വൈകാൻ കാരണമെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ മാസം ഇതിൽ 35 മില്യൺ ഡോളർ നഷ്ടപരിഹാരം നേടിയെങ്കിലും, ചികിത്സ കിട്ടാതെ ജീവിതത്തോട് പൊരുതുന്ന ലെവിയെപ്പോലുള്ള കുട്ടികൾക്ക് അതൊരു ആശ്വാസമല്ല.
ഓസ്‌ട്രേലിയയിൽ ഈ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് സിംഗപ്പൂരിലേക്ക് പോകാനൊരുങ്ങുകയാണ് ഈ കുടുംബം. ഇതിനാവശ്യമായ വലിയ തുക കണ്ടെത്താൻ ‘ക്രൗഡ് ഫണ്ടിംഗ്’ വഴി പൊതുജനങ്ങളുടെ സഹായം തേടുകയാണ് ഇവർ. “രാഷ്ട്രീയക്കാർ വാഗ്ദാനങ്ങൾ നൽകുന്നത് നിർത്തണം, കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഉടൻ പരിഹരിക്കൂ,” ജേഡ് എൽസ്റ്റൺ അധികാരികളോട് ആവശ്യപ്പെട്ടു.

