സിഡ്‌നി: സിഡ്‌നിയിലെ ക്രെയിൻബ്രൂക്കിലുള്ള പെട്രോൾ പമ്പിൽ നിന്നും പണമടയ്ക്കാതെ മൂവായിരം ഡോളറോളം (ഏകദേശം 2.5 ലക്ഷം രൂപ) വിലമതിക്കുന്ന ഇന്ധനവുമായി കടന്നുകളഞ്ഞ ട്രക്ക് ഡ്രൈവർക്കായി തിരച്ചിൽ. പമ്പ് ഉടമ ആന്റണി പിൻസെവിക് ആണ് പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പമ്പിലെത്തിയ ഡ്രൈവർ പത്ത് മിനിറ്റോളം സമയമെടുത്ത് ട്രക്കിന്റെ ടാങ്കുകൾ ഓരോന്നായി നിറച്ചു. ഇന്ധനം അടിച്ച ശേഷം യാതൊരു പരിഭ്രമവുമില്ലാതെ പമ്പിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ട്രക്ക് വൃത്തിയാക്കിയ ശേഷമാണ് ഇയാൾ പണമടയ്ക്കാതെ കടന്നുകളഞ്ഞത്. ഏകദേശം 2800 ഡോളറിന്റെ ഇന്ധനമാണ് ഇയാൾ മോഷ്ടിച്ചത്.
വൻകിട കമ്പനികളുടെ പേരിൽ പ്രവർത്തിക്കുന്ന പമ്പുകൾ പലതും കുടുംബങ്ങൾ നടത്തുന്ന ചെറുകിട ബിസിനസ്സുകളാണെന്ന് പിൻസെവിക് പറഞ്ഞു. ഇത്തരം വലിയ മോഷണങ്ങൾ ബിസിനസ്സിനെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “ലാഭം വളരെ കുറഞ്ഞ സാഹചര്യത്തിലാണ് ഞങ്ങൾ പമ്പ് നടത്തുന്നത്. ജനങ്ങൾക്ക് അർഹമായ നിരക്കിൽ ഇന്ധനം നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം പ്രവർത്തികൾ സഹിക്കാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനവിലയിൽ നേരിയ കുറവുണ്ടായെങ്കിലും സർവീസ് സ്റ്റേഷനുകളിൽ മോഷണം വർദ്ധിച്ചുവരികയാണെന്ന് എൻആർഎംഎ (NRMA) വക്താവ് പീറ്റർ ഖൗറി പറഞ്ഞു. രാജ്യാന്തര വിപണിയിലെ അസ്ഥിരത മൂലം ഇന്ധനവിലയിൽ ഇനിയും മാറ്റങ്ങൾ വരാം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇതേത്തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ സഹിതം പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ഉടമ പ്രഖ്യാപിച്ചത്.

