മെൽബൺ: സോഷ്യൽ മീഡിയയിലൂടെ ലൈസൻസില്ലാതെ സാമ്പത്തിക ഉപദേശങ്ങൾ നൽകുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ‘ഫിൻഫ്ലുവൻസർമാർക്കെതിരെ’ ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ നടപടി ശക്തമാക്കുന്നു. നിയമവിരുദ്ധമായി സാമ്പത്തിക ഉപദേശങ്ങൾ നൽകിയെന്ന് സംശയിക്കുന്ന നാല് പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് എസിക് ഇതിനകം മുന്നറിയിപ്പ് നോട്ടീസ് നൽകി.
നിക്ഷേപങ്ങൾക്ക് ‘ഗ്യാരന്റീഡ് റിട്ടേൺസ്’ (ഉറപ്പായ ലാഭം) വാഗ്ദാനം ചെയ്ത് അനുയായികളെ തെറ്റിദ്ധരിപ്പിച്ചതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിനുപുറമെ, വിവിധ ഫിനാൻഷ്യൽ സർവീസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന 15 ഓളം ഫിൻഫ്ലുവൻസർമാരുടെ പ്രവർത്തനങ്ങളും നിരീക്ഷിച്ചുവരികയാണ്. 17 രാജ്യങ്ങളിലെ റെഗുലേറ്റർമാർ സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.
ഓസ്‌ട്രേലിയയിലെ 18-നും 28-നും ഇടയിൽ പ്രായമുള്ളവരിൽ (Gen Z) 63 ശതമാനം പേരും സാമ്പത്തിക വിവരങ്ങൾക്കായി സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നതെന്ന് ‘മണിസ്മാർട്ട്’ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. ഇതിൽ പകുതിയിലധികം പേരും ഇത്തരം ഇൻഫ്ലുവൻസർമാരുടെ ഉപദേശങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്നു എന്ന കണ്ടെത്തലാണ് റെഗുലേറ്റർമാരെ ആശങ്കപ്പെടുത്തുന്നത്.
സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ കൃത്യമായ വിവരങ്ങൾ നൽകുന്നതിനേക്കാൾ ക്ലിക്കുകൾക്കും എൻഗേജ്‌മെന്റിനും മുൻഗണന നൽകുന്നവയാണെന്ന് എസിക് കമ്മീഷണർ അലൻ കിർക്ക്‌ലാൻഡ് പറഞ്ഞു. ഇത് നിക്ഷേപകരെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഓസ്‌ട്രേലിയയിൽ സാമ്പത്തിക ഉപദേശം നൽകുന്നവർക്ക് എഎഫ്എസ് ലൈസൻസ് നിർബന്ധമാണ്. നിക്ഷേപകർ വിവരങ്ങൾ നൽകുന്നവരുടെ ക്രെഡിബിലിറ്റിയും യോഗ്യതയും പരിശോധിക്കണമെന്നും ‘എളുപ്പത്തിൽ പണമുണ്ടാക്കാം’ എന്നൊക്കെയുള്ള വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

