മെൽബൺ: ഓസ്‌ട്രേലിയയിലെ വൈറ്റ് കോളർ തൊഴിലിടങ്ങളിൽ കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗം ആശങ്കാജനകമാംവിധം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തൊഴിലിടങ്ങളിൽ നടത്തിയ ലഹരിപരിശോധനകളിൽ കൊക്കെയ്‌നിന്റെ സാന്നിധ്യം മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം പകുതിയോളം വർദ്ധിച്ചതായാണ് (45.4%) കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പ്രമുഖ ഡ്രഗ് ടെസ്റ്റിംഗ് ഏജൻസിയായ ‘ദ ഡ്രഗ് ഡിറ്റക്ഷൻ ഏജൻസി’ പുറത്തുവിട്ട ഏറ്റവും പുതിയ ‘ഇംപെറൻസ് റിപ്പോർട്ട്’ പ്രകാരം, സാധാരണയായി അവധിക്കാലങ്ങളിൽ മാത്രം കണ്ടുവരാറുള്ള കൊക്കെയ്ൻ ഉപയോഗം ഇപ്പോൾ ഓഫിസ് പരിസരങ്ങളിൽ ഒരു സ്ഥിരം പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. 2025-ന്റെ ആദ്യ പാദത്തിൽ 5.7 ശതമാനമായിരുന്ന കൊക്കെയ്ൻ പോസിറ്റീവ് കേസുകൾ 2026-ൽ 8.3 ശതമാനമായി ഉയർന്നു.
വെസ്റ്റേൺ ഓസ്‌ട്രേലിയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കൊക്കെയ്ൻ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയയിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത് (128.2%). തൊട്ടുപിന്നാലെ ക്വീൻസ്‌ലൻഡ് (99.7%), ന്യൂ സൗത്ത് വെയ്‌ൽസ് (59.5%), വിക്ടോറിയ (44.6%) എന്നീ സംസ്ഥാനങ്ങളാണുള്ളത്.
മെതാംഫെറ്റമിൻ ഉൾപ്പെടെയുള്ള ആംഫെറ്റമിൻ വിഭാഗത്തിൽപ്പെട്ട ലഹരിമരുന്നുകളുടെ ഉപയോഗത്തിലും 28.3 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. പരിശോധനകളിൽ പകുതിയിലധികം കേസുകളിലും ഇത്തരം ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള പരിശോധനകൾ, അപകടങ്ങൾക്ക് ശേഷമുള്ള പരിശോധനകൾ, കൂടാതെ പതിവായുള്ളതും ആകസ്മികമായി നടത്തുന്നതുമായ റാൻഡം പരിശോധനകൾ എന്നിവയിൽ നിന്നാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
ലഹരിമരുന്ന് വിതരണ ശൃംഖലകൾ കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണിതെന്ന് ടിഡിഡിഎ ചീഫ് എക്സിക്യൂട്ടീവ് ഗ്ലെൻ ഡോബ്സൺ മുന്നറിയിപ്പ് നൽകി. കൊക്കെയ്ൻ ഉപയോഗം വ്യക്തിയുടെ ആത്മവിശ്വാസത്തെയും തീരുമാനമെടുക്കാനുള്ള ശേഷിയെയും ബാധിക്കുന്നത് തൊഴിലിടങ്ങളിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ, ഐടി, ഫിനാൻസ് ഉൾപ്പെടെയുള്ള വൈറ്റ് കോളർ തൊഴിലിടങ്ങളിൽ ലഹരിപരിശോധനകൾ കർശനമാക്കാൻ കമ്പനികൾ തയ്യാറെടുക്കുകയാണ്.

