എൻജമെന: മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിൽ കിണർ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കം കലാപമായി മാറി 42 പേർ കൊല്ലപ്പെട്ടു. കിഴക്കൻ മേഖലയായ വാദി ഫിറ പ്രവിശ്യയിലെ ഇഗോടെ ഗ്രാമത്തിലാണ് സംഭവം നടന്നത്.രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വെള്ളസ്രോതസിനെച്ചൊല്ലിയ തർക്കം അതിക്രമത്തിലേക്ക് നീങ്ങി വ്യാപകമായ പ്രതികാരാക്രമണങ്ങളായി മാറുകയായിരുന്നു. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ 42 പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉപപ്രധാനമന്ത്രി ലിമാനെ മഹാമത്ത് അറിയിച്ചു.
സംഘർഷം വ്യാപക പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനെ തുടർന്ന് സൈന്യം ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപ ആരോഗ്യകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ മധ്യസ്ഥ നടപടികളും കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള നിയമനടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
വെള്ളവും ഭൂമിയും പോലുള്ള വിഭവങ്ങളെച്ചൊല്ലിയ സംഘർഷങ്ങൾ ചാഡിൽ പതിവാണെന്നും, സമീപ രാജ്യമായ സുഡാനിലെ യുദ്ധത്തെ തുടർന്ന് അഭയാർത്ഥികളുടെ വരവ് വർധിച്ചതും ഇത്തരം സംഘർഷങ്ങൾ ശക്തമാകാൻ കാരണമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

