ജുബ: ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജുബ നഗരത്തിന് സമീപം ചെറിയ യാത്രാവിമാനം തകർന്നു വീണ് 14 പേർ മരിച്ചു. വിമാനത്തിലെ എല്ലാ യാത്രക്കാരും പൈലറ്റും ഉൾപ്പെടെ ആരും രക്ഷപ്പെടാത്തതായി അധികൃതർ അറിയിച്ചു.
യെയ് പട്ടണത്തിൽ നിന്ന് ജുബയിലേക്ക് പുറപ്പെട്ടിരുന്ന സെസ്‌ന 208 കരവാൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്നതിന് പിന്നാലെ ഏകദേശം 30 മിനിറ്റിനകം വിമാനവുമായി എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ടമായതായി ദക്ഷിണ സുഡാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ജുബ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയായാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ മരിച്ചവരിൽ രണ്ട് കെനിയൻ പൗരന്മാരും ശേഷിച്ചവർ ദക്ഷിണ സുഡാൻ സ്വദേശികളുമാണെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ മോശം കാലാവസ്ഥയും കുറഞ്ഞ ദൃശ്യമാനതയും അപകടത്തിന് കാരണമായിരിക്കാമെന്ന സൂചനകളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.
വിമാനാപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ടെന്നും തീപിടിച്ച് കത്തി നശിച്ച അവശിഷ്ടങ്ങളാണ് സ്ഥലത്ത് കണ്ടെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

