ഹവാന: ക്യൂബൻ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ക്യൂബൻ സർക്കാർ. ഈ നടപടി രാജ്യത്തെ ജനങ്ങൾക്ക് നേരെയുള്ള ‘കൂട്ടായ ശിക്ഷാ നടപടി’യാണെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ആരോപിച്ചു.
ക്യൂബൻ സമ്പദ്‌വ്യവസ്ഥയിലെ ഊർജ്ജം, പ്രതിരോധം, ഖനനം, ധനകാര്യ സേവനങ്ങൾ, സുരക്ഷാ മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് പുതിയ ഉപരോധം ലക്ഷ്യമിടുന്നത്. കൂടാതെ, അഴിമതിയിലും മനുഷ്യാവകാശ ലംഘനങ്ങളിലും ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും നിയന്ത്രണമുണ്ടാകും. ജനുവരി മുതൽ അമേരിക്ക ഏർപ്പെടുത്തിയ ഇന്ധന ഉപരോധം ക്യൂബയിലെ ജീവിതം ദുസ്സഹമാക്കിയിരി ക്കുകയാണ്. നിലവിൽ കടുത്ത ഇന്ധനക്ഷാമവും പവർക്കട്ടും നേരിടുന്ന ക്യൂബയിൽ ടൂറിസം മേഖലയും വലിയ തകർച്ചയിലാണ്.
ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി സൈനിക നടപടി പോലും ഉണ്ടാകുമെന്ന സൂചന ട്രംപ് നൽകിയിട്ടുണ്ട്. റഷ്യൻ എണ്ണക്കപ്പലുകൾ തടയുന്നതടക്കമുള്ള കർശന നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നത്.ഉപരോധത്തിനെതിരെ മേയ് ദിനത്തിൽ ഹവാനയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ‘മാതൃരാജ്യത്തെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി നടന്ന റാലിക്ക് പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനലും റൗൾ കാസ്‌ട്രോയും നേതൃത്വം നൽകി.
അമേരിക്കയുമായി ചർച്ചകൾ നടക്കവേയാണ് ഈ പുതിയ ഉപരോധങ്ങൾ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നാൽ തങ്ങളുടെ സോഷ്യലിസ്റ്റ് ഭരണരീതി വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് ക്യൂബൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

