ജനീവ: നവജാതശിശുക്കൾക്കായുള്ള ലോകത്തിലെ ആദ്യത്തെ മലേറിയ ചികിത്സാ മരുന്നിന് ലോകാരോഗ്യ സംഘടന (WHO) അംഗീകാരം നൽകി. ആഗോള ആരോഗ്യരംഗത്തെ നിർണ്ണായകമായ ഒരു ചുവടുവെപ്പായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
ഇതുവരെ ആറ് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ മലേറിയ ചികിത്സ ലഭ്യമായിരുന്നില്ല.മുതിർന്ന കുട്ടികൾക്കായുള്ള മരുന്നുകൾ ചെറിയ അളവിൽ നൽകുന്നത് പാർശ്വ ഫലങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിരുന്നു.രണ്ട് കിലോയോളം മാത്രം തൂക്കമുള്ള കുഞ്ഞുങ്ങൾക്കും ഈ മരുന്ന് നൽകാൻ സാധിക്കും. കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ കഴിക്കാനായി മധുരമുള്ള ചെറി ഫ്ലേവറിലാണ് ഈ ഗുളികകൾ തയ്യാറാക്കിയിരിക്കുന്നത്. മുലപ്പാലിലോ മറ്റ് ദ്രാവകങ്ങളിലോ ഇത് അലിയിച്ച് നൽകാം.ആർട്ടെമെതർ (Artemether), ലുമെഫാൻട്രിൻ (Lumefantrine) എന്നീ രണ്ട് ഔഷധങ്ങൾ അടങ്ങിയ ഈ മരുന്ന് നോവാർട്ടിസും (Novartis) മെഡിസിൻ ഫോർ മലേറിയ വെഞ്ച്വറും (MMV) ചേർന്നാണ് വികസിപ്പിച്ചത്.ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ മലേറിയ പടർന്നുപിടിക്കുന്ന പ്രദേശങ്ങളിൽ ലാഭേച്ഛയില്ലാതെ മരുന്ന് ലഭ്യമാക്കുമെന്ന് നോവാർട്ടിസ് അറിയിച്ചു. ഇതിനോടകം ഘാനയിൽ ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
മലേറിയ മൂലം വർഷം തോറും ലക്ഷക്കണക്കിന് കുട്ടികളാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം മരണപ്പെടു ന്നത്. പുതിയ മരുന്നിന്റെ വരവോടെ ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ലോകാ രോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ വാക്സിനുകളും പരിശോധനാ സംവിധാനങ്ങളും മെച്ചപ്പെട്ട കൊതുക് വലകളും മലേറിയക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

