തമിഴ്നാട്ടിലെ വാൽപ്പാറയിൽ സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് പത്തുപേർ മരിച്ച അപകടത്തിന് പ്രധാന കാരണം ഡ്രൈവറുടെ അശ്രദ്ധയും മലയോര റോഡുകളിലെ പരിചയക്കുറവുമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. പാലക്കാട് ആർടിഒ കെ.കെ. അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടാണ് ഹൈക്കോടതിയിൽ നൽകിയത്.
ഹെയർപിൻ വളവുകളിലൂടെ ഇറങ്ങുമ്പോൾ ഡ്രൈവർ നിരന്തരം ബ്രേക്ക് ഉപയോഗിച്ച് വേഗം നിയന്ത്രിക്കാൻ ശ്രമിച്ചെന്നും ഗിയർ ഡൗൺ ചെയ്ത് എൻജിൻ ബ്രേക്കിങ് ഉപയോഗിക്കാതിരുന്നതാണ് ‘ബ്രേക്ക് ഫേഡ്’ ഉണ്ടാക്കി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മലയോര മേഖലയിലും ഇടുങ്ങിയ റോഡുകളിലും വാഹനമോടിക്കുന്നതിലെ അനുഭവക്കുറവും അപകടത്തിന് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അപകടസ്ഥലത്തെ സംരക്ഷണഭിത്തിക്ക് ആവശ്യമായ ഉയരമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
വാഹനത്തിനുള്ളിൽ അനുവദനീയമല്ലാത്ത രൂപമാറ്റങ്ങൾ ഉണ്ടായിരുന്നോയെന്നും അപകടത്തിന് മുമ്പുള്ള ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടോയെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട സർക്കുലർ സംബന്ധിച്ച വിശദീകരണം നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. വാൽപ്പാറയിലെ ഹെയർപിൻ വളവിൽ ഏപ്രിൽ 17-ന് ഉണ്ടായ അപകടത്തിൽ 10 പേരാണ് മരിച്ചത്.

