സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയിലൂടെ ഇതുവരെ ഏകദേശം 10 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ലഹരി വ്യാപനം തടയുന്നതിനൊപ്പം ഉറവിടങ്ങൾ കണ്ടെത്തി ശൃംഖല തകർക്കുന്നതിനും പദ്ധതിയിലൂടെ കൂടുതൽ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പദ്ധതി ‘തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ വാരിയേഴ്സ്’, ‘തൂഫാൻ കെയർ’ എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ‘വൺ മില്യൺ തൂഫാൻ ഗോൾസ്’ എന്ന ബോധവത്കരണ പദ്ധതിക്കും തുടക്കമിട്ടതായി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 1,526 ബോധവത്കരണ ക്ലാസുകളും 138 കൗൺസലിംഗ് പരിപാടികളും സംഘടിപ്പിച്ചതായും ലഹരിവ്യാപനം തടയാൻ ജനപങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു.
ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനും കടത്ത് തടയുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപനം കൂടുതൽ ശക്തമാക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി സമയബന്ധിത ഏകോപനയോഗങ്ങൾ നടത്തുമെന്നും ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി പൊലീസ് നായകൾക്ക് പ്രത്യേക പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചു. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് എല്ലാ നിയോജക മണ്ഡലങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

