പത്തുകോടിയിലധികം രൂപയുടെ ലഹരിമരുന്ന് കടത്ത്; സിഡ്‌നി സ്വദേശികളായ യുവതിയും യുവാവും പിടിയിൽ

മെൽബൺ: ന്യൂ സൗത്ത് വെയ്‌ൽസിനും വിക്ടോറിയയ്ക്കുമിടയിൽ പത്തുകോടിയിലധികം രൂപ (13 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ) വിലമതിക്കുന്ന മാരക ലഹരിമരുന്ന് കടത്തിയ സംഭവത്തിൽ യുവതിയും യുവാവും അറസ്റ്റിലായി. വടക്കുകിഴക്കൻ വിക്ടോറിയയിലെ വാങ്കരട്ടയ്ക്ക് സമീപം ഹ്യൂം ഹൈവേയിൽ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഹൈവേയിലൂടെ പോവുകയായിരുന്ന ടൊയോട്ട പ്രാഡോ വാഹനം പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ 33 കിലോയോളം മെതാംഫെറ്റമിൻ (ഐസ്) കണ്ടെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 13 മില്യൺ ഡോളർ മൂല്യം വരുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു.

തെക്കൻ സിഡ്‌നി സ്വദേശികളായ 22 വയസ്സുകാരനും 24 വയസ്സുകാരിയുമാണ് പിടിയിലായത്. വൻതോതിൽ ലഹരിമരുന്ന് കടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

അന്തർസംസ്ഥാന ലഹരിമരുന്ന് കടത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ജാമി വാക്കർ പറഞ്ഞു. ലഹരിമരുന്ന് മാഫിയയ്ക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഇത്രയും വലിയ ശേഖരം തെരുവുകളിലേക്ക് എത്തുന്നതിന് മുൻപ് പിടിച്ചെടുക്കാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ ലഹരിമരുന്നുകൾക്ക് വലിയ പങ്കുണ്ടെന്നും ഇത്തരം സംഘങ്ങളെ വേരോടെ പിഴുതെറിയാൻ വിക്ടോറിയ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *