പെർത്ത്: വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പിടിയിലായ വിക്ടോറിയൻ സ്വദേശിക്ക് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യത. കുറ്റം തെളിയിക്കപ്പെട്ടാൽ 57-കാരനായ കീറോൺ ബോ ജെയിംസ് ഹെഡ്‌ജസിന് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പെർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാസ്‌പോർട്ടില്ലാതെ ഇമിഗ്രേഷൻ കൗണ്ടറിലൂടെ കടന്നുപോകാൻ ശ്രമിച്ച ഹെഡ്‌ജസിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ ഇയാൾ, വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ ഒരു ബാഗ് ചവറ്റുകുട്ടയ്ക്ക് മുകളിൽ ഉപേക്ഷിച്ചു.
ഇതോടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും അന്താരാഷ്ട്ര ടെർമിനൽ മണിക്കൂറുകളോളം അടച്ചിടുകയും ചെയ്തു. ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുന്നതിനിടെ നൂറുകണക്കിന് യാത്രക്കാരെ ടെർമിനലിൽ നിന്ന് ഒഴിപ്പിച്ചു. രണ്ട് വിമാനങ്ങളിലായി ഉണ്ടായിരുന്ന 450-ഓളം യാത്രക്കാർക്ക് മൂന്ന് മണിക്കൂറിലധികം വിമാനത്തിനുള്ളിൽ തന്നെ കഴിയേണ്ടി വന്നു.
സംഭവത്തിന് രണ്ട് മണിക്കൂറിന് ശേഷം നഗരത്തിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് പ്രതി വാദിച്ചു. എന്നാൽ, വിമാനത്താവളവും കാർ പാർക്കിംഗും തകർക്കപ്പെടുമെന്ന് പൊതുജനങ്ങളെ അറിയിക്കാനാണ് താൻ ശ്രമിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായി മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.
ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് മന്ത്രി റീസ് വിറ്റ്ബി പറഞ്ഞു. നിലവിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ കൂടാതെ കൂടുതൽ വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചേർക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി, മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ ഉത്തരവിട്ടു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും

