ആലീസ് സ്പ്രിംഗ്സ്: നോർത്തേൺ ടെറിട്ടറിയിൽ അഞ്ചുവയസ്സുകാരി കുമഞ്ജയി ലിറ്റിൽ ബേബിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജെഫേഴ്‌സൺ ലൂയിസിനെ (47) നാട്ടുകാർ പിടികൂടി ക്രൂരമായി മർദ്ദിച്ചു. ആലീസ് സ്പ്രിംഗ്സിലെ ചാൾസ് ക്രീക്ക് ക്യാമ്പിന് സമീപം ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ ഒരു സംഘം യുവാക്കളാണ് തിരിച്ചറിഞ്ഞത്. വൻ പോലീസ് സന്നാഹം തിരച്ചിൽ നടത്തുന്നതിനിടെയാണ് നാടകീയമായി ഇയാൾ നാട്ടുകാരുടെ പിടിയിലായത്.
പ്രതിയെ കണ്ടതും യുവാക്കൾ വളയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. രക്ഷപ്പെടാനായി ഇയാൾ സമീപത്തെ ഒരു ഷിപ്പിംഗ് കണ്ടെയ്നറിന് അടിയിൽ ഒളിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വലിച്ചിറക്കി മർദ്ദനം തുടർന്നു. മാരകമായി പരിക്കേറ്റ ലൂയിസിനെ ഒടുവിൽ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. തുടർന്ന് കനത്ത സുരക്ഷയിൽ ഇയാളെ ആലീസ് സ്പ്രിംഗ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ പിടികൂടിയ വാർത്ത പരന്നതോടെ നൂറിലധികം വരുന്ന നാട്ടുകാർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടുകയും ഇയാളെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വലിയ തോതിൽ പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായതോടെ ജനക്കൂട്ടം ആശുപത്രിക്ക് നേരെ കല്ലെറിയുകയും പോലീസ് വാനുകൾ തകർക്കുകയും ചെയ്തു. ഒടുവിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. ഗോത്രവർഗ്ഗ നിയമപ്രകാരമുള്ള ശിക്ഷ (Tribal Punishment) ഇയാൾക്ക് നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കുട്ടിയുടെ വസ്ത്രങ്ങളിൽ നിന്ന് ലൂയിസിന്റെ ഡിഎൻഎ (DNA) തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയത്. അൻസാക് ദിനത്തിൽ ഓൾഡ് ടൈമർ ടൗൺ ക്യാമ്പിൽ നിന്നാണ് കുട്ടി കാണാതായത്. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ ഗാർഹിക പീഡനം, പോലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ക്രിമിനലാണ് ലൂയിസ് എന്ന് പോലീസ് വ്യക്തമാക്കി.
പ്രിയപ്പെട്ട മകളുടെ വേർപാടിൽ തകർന്നിരിക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചു. നീതി നടപ്പാക്കുമെന്നും അന്വേഷണവുമായി പോലീസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്ക് പരിക്കേറ്റ സാഹചര്യത്തിൽ ആലീസ് സ്പ്രിംഗ്സ് നഗരത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

