ലഷ്കർ ഇ തൊയ്ബ സഹസ്ഥാപകൻ അമീർ ഹംസ ലാഹോറിൽ വെടിയേറ്റു; നില ഗുരുതരം

ലാഹോർ: ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ച നിരോധിത ഭീകരസംഘടന ലഷ്കർ ഇ തൊയ്ബയുടെ (LeT) സഹസ്ഥാപകൻ അമീർ ഹംസ ലാഹോറിൽ വെടിയേറ്റു. വ്യാഴാഴ്ച ലാഹോറിലെ ഒരു പ്രാദേശിക വാർത്താ ചാനൽ ഓഫീസിന് പുറത്തുവെച്ചാണ് അജ്ഞാതരായ അക്രമികൾ ഹംസയ്ക്ക് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ഹാഫിസ് സയീദിനൊപ്പം 1985-86 കാലഘട്ടത്തിൽ ലഷ്കർ ഇ തൊയ്ബ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് 67-കാരനായ അമീർ ഹംസ. 2005-ലെ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ആക്രമണം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് ഇയാളെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.​ഒരു വർഷത്തിനിടെ ഹംസയ്ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. കഴിഞ്ഞ വർഷം മെയ് മാസത്തിലും ലാഹോറിലെ വീടിന് മുന്നിൽ വെച്ച് ഇയാൾക്ക് വെടിയേറ്റിരുന്നു. ഭീകരസംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് പാക് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *