ന്യൂഡൽഹി: ഭാരതവും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങും ഇന്ന് ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കപ്പൽ നിർമ്മാണം, വ്യാപാരം, നിക്ഷേപം, നിർമ്മിത ബുദ്ധി (AI), സെമികണ്ടക്ടറുകൾ, ഉയർന്നുവരുന്ന സാങ്കേതിക വിദ്യകൾ, സാംസ്കാരിക കൈമാറ്റം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം ഉറപ്പാക്കുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം.
സന്ദർശകനായെത്തിയ ലീ ജെ മ്യുങ്ങിന് പ്രധാനമന്ത്രി ഇന്ന് ഉച്ചവിരുന്ന് ഒരുക്കും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ ഡൽഹിയിലെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് രാഷ്ട്രപതി ദ്രൗപതി മുർമുവുമായും കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സാങ്കേതികവിദ്യ, സാമ്പത്തിക രംഗം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ഈ സന്ദർശനത്തിലൂടെ കൂടുതൽ കരുത്താർജ്ജിക്കുമെന്നാണ് വിലയിരുത്തുന്നത്

