ഓസ്ലോ/നെയ്‌റോബി: ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ യുഎൻഇപിക്ക് (UNEP) നൽകിവരുന്ന ഫണ്ടിങ് ഏറ്റവും വലിയ ദാതാക്കളായ നോർവേ താൽക്കാലികമായി മരവിപ്പിച്ചു. ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ നിയമപരമായ കരാർ രൂപീകരിക്കാനുള്ള നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെ നോർവേയുടെ ഈ നീക്കം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
2022 മുതൽ ലോകരാജ്യങ്ങൾ പ്ലാസ്റ്റിക് ഉൽപ്പാദനവും ഉപയോഗവും നിയന്ത്രിക്കാനുള്ള കരാറിനായുള്ള ശ്രമത്തിലാണ്. എന്നാൽ ആറ് റൗണ്ട് ചർച്ചകൾ കഴിഞ്ഞിട്ടും ഒരു ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് യുഎൻഇപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ നോർവേ തങ്ങളുടെ ഫണ്ടിങ് പുനഃപരിശോധനയുടെ ഭാഗമായി തടഞ്ഞുവെച്ചിരിക്കുന്നത്.
നോർവേയിലെ പുതിയ ഭരണകൂടം തങ്ങളുടെ ബജറ്റ് മുൻഗണനകളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓരോ ക്രൊണറും (നോർവേ കറൻസി) സൂക്ഷ്മമായി പരിശോധിച്ച ശേഷമേ ചിലവഴിക്കാവൂ എന്ന് നോർവേയുടെ വിദേശ വികസന മന്ത്രി ഓസ്മണ്ട് ഔക്രുസ്റ്റ് വ്യക്തമാക്കി.നോർവേയിലെ പ്രമുഖ വരുമാന മാർഗ്ഗം എണ്ണ-വാതക മേഖലയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഊർജ്ജ വിതരണത്തിലുണ്ടായ കുറവ് നികത്താൻ നോർവേ പുതിയ ഗ്യാസ് പാടങ്ങൾ തുറക്കാൻ അനുമതി നൽകിയത് കഴിഞ്ഞ വാരം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
പ്ലാസ്റ്റിക് വിരുദ്ധ പോരാട്ടത്തിൽ റുവാണ്ടയ്ക്കൊപ്പം നേതൃപരമായ പങ്കുവഹിക്കുന്ന രാജ്യമാണ് നോർവേ. നോർവേ പിന്മാറുന്നത് പ്ലാസ്റ്റിക് ഉൽപ്പാദനം കുറയ്ക്കാൻ താൽപ്പര്യമില്ലാത്ത മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ ഭയപ്പെടുന്നു.
വികസ്വര രാജ്യങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള പദ്ധതികൾക്കായി നോർവേ നൽകിവരുന്ന കോടിക്കണക്കിന് രൂപയുടെ സഹായവും ഇതോടെ തടസ്സപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ പ്രതിവർഷം ഏകദേശം 1.2 കോടി ഡോളറാണ് നോർവേ യുഎൻഇപിക്ക് നൽകുന്നത്. ഫണ്ട് മരവിപ്പിച്ച നടപടി സമാധാനപരമായ ചർച്ചകളെ ബാധിക്കില്ലെന്ന് നോർവേ ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും, സന്നദ്ധ സംഘടനകൾ ഇതിനെ ‘ഞെട്ടിക്കുന്ന നീക്കം’ എന്നാണ് വിശേഷിപ്പിക്കുന്നത്. 2027-ൽ പ്ലാസ്റ്റിക് കരാറിനായുള്ള അടുത്ത ഘട്ട ചർച്ചകൾ നടക്കാനിരിക്കെ, സാമ്പത്തിക പ്രതിസന്ധി ഈ പ്രക്രിയയെ മന്ദഗതിയിലാക്കിയേക്കും.

