മെക്സിക്കോയിൽ ഭരണകൂട ഒത്താശയോടെ കൂട്ട തിരോധാനങ്ങൾ; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ജനങ്ങൾ അപ്രത്യക്ഷമാകുന്ന സംഭവങ്ങളിൽ ഭരണകൂട സംവിധാനങ്ങൾക്ക് ‘ഭയാനകമായ’ പങ്കുണ്ടെന്ന് ഇന്റർ-അമേരിക്കൻ കമ്മീഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ (IACHR) പുതിയ റിപ്പോർട്ട്. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു ലക്ഷത്തിലധികം ആളുകൾ അപ്രത്യക്ഷരായ രാജ്യത്ത്, കുറ്റവാളികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്ന് ഗാർഡിയൻ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലഹരി മാഫിയകൾക്കെതിരെ മെക്സിക്കോ സർക്കാർ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരോധാനങ്ങൾ വർദ്ധിച്ചത്. കുറ്റവാളി സംഘങ്ങളാണ് ഭൂരിഭാഗം സംഭവങ്ങൾക്കും ഉത്തരവാദികളെങ്കിലും, പലയിടങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പങ്കാളിത്തം ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചില മേഖലകളിൽ കുറ്റവാളികൾ നടത്തുന്ന അപ്രത്യക്ഷമാകലുകൾക്ക് തുല്യമായ എണ്ണം തന്നെ ഉദ്യോഗസ്ഥരും നടത്തുന്നുണ്ട്. വാറന്റില്ലാതെ ആളുകളെ വീടുകളിൽ നിന്നോ കാറുകളിൽ നിന്നോ തട്ടിക്കൊണ്ടുപോയി ക്രിമിനൽ സംഘങ്ങൾക്ക് കൈമാറുന്ന രീതിയാണ് പലയിടത്തും പിന്തുടരുന്നത്.

പിടികൂടുന്നവരെ വിചാരണ കൂടാതെ വധിച്ച ശേഷം തെളിവ് നശിപ്പിക്കുന്ന ക്രൂരമായ രീതി 1960-കളിലെ ‘ഡേർട്ടി വാർ’ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു.കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ഇറങ്ങുന്ന കുടുംബാംഗങ്ങളും കൊല്ലപ്പെടുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്നു. 2010 മുതൽ ഇത്തരത്തിൽ തിരച്ചിൽ നടത്തിയ 27 പേർ കൊല്ലപ്പെട്ടു, ഇതിൽ ഭൂരിഭാഗവും അമ്മമാരാണ്.

സർക്കാർ കസ്റ്റഡിയിലുള്ള 70,000-ത്തോളം മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇത് മെക്സിക്കോയിലെ ഫോറൻസിക് സംവിധാനങ്ങളുടെ പരിമിതിയാണ് വ്യക്തമാക്കുന്നത്.2014 മുതൽ തിരോധാനക്കേസുകളിൽ 357 പേർക്കെതിരെ കുറ്റം ചുമത്തിയെങ്കിലും വെറും ഒമ്പത് പേർക്ക് മാത്രമാണ് ഇതുവരെ ശിക്ഷ ലഭിച്ചത്.

എന്നാൽ ഐക്യരാഷ്ട്രസഭയുടേയും മനുഷ്യാവകാശ സംഘടനകളുടേയും ഈ കണ്ടെത്തലുകളെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം പൂർണ്ണമായും തള്ളി. മെക്സിക്കോയിൽ ഭരണകൂടം ആരെയും കാണാതാക്കുന്നില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ പക്ഷപാതപരമാണെന്നുമാണ് സർക്കാരിന്റെ വാദം. നിലവിൽ 1,30,000-ത്തിലധികം ആളുകളെയാണ് രാജ്യത്ത് കാണാതായിട്ടുള്ളത്. പ്രശ്നത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ ഈ റിപ്പോർട്ട് മെക്സിക്കോയിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *