കടൽപ്പക്ഷികളുടെ മുട്ടയിൽ വിഷാംശം കുറയുന്നു; ഫോറെവർ കെമിക്കൽസി’നെതിരെയുള്ള പോരാട്ടത്തിൽ നയതന്ത്ര വിജയം

ഒട്ടാവ: പരിസ്ഥിതിക്ക് വലിയ ഭീഷണിയുയർത്തുന്ന ‘ഫോറെവർ കെമിക്കൽസ്’ (PFAS) എന്നറിയപ്പെടുന്ന രാസവസ്തുക്കളുടെ അളവ് കടൽപ്പക്ഷികളുടെ മുട്ടകളിൽ ഗണ്യമായി കുറഞ്ഞതായി പുതിയ ഗവേഷണ റിപ്പോർട്ട്. കാനഡയിലെ സെന്റ് ലോറൻസ് സീവേ ബേസിനിൽ നടത്തിയ 55 വർഷത്തെ നീണ്ട പഠനത്തിലാണ് ഈ ശുഭസൂചനയുള്ളത്. രാസവസ്തുക്കളുടെ ഉപയോഗത്തിൽ കൊണ്ടുവന്ന കർശനമായ നിയന്ത്രണങ്ങൾ ഫലം കാണുന്നു എന്നതിന്റെ തെളിവായി ഗവേഷകർ ഇതിനെ വിലയിരുത്തുന്നു.

വെള്ളം, കറ, ചൂട് എന്നിവയെ പ്രതിരോധിക്കാൻ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന പതിനാറായിരത്തോളം രാസവസ്തുക്കളുടെ കൂട്ടമാണ് പി.എഫ്.എ.എസ് (PFAS). ഇവ പ്രകൃതിയിൽ തനിയെ നശിക്കാത്തതിനാലാണ് ‘ഫോറെവർ കെമിക്കൽസ്’ എന്ന് വിളിക്കപ്പെടുന്നത്. ക്യാൻസർ, തൈറോയ്ഡ് രോഗങ്ങൾ, പ്രതിരോധശേഷി കുറയൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇവ കാരണമാകാറുണ്ട്.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പക്ഷിക്കേന്ദ്രമായ ബോണാവഞ്ചർ ദ്വീപിലെ ‘നോർത്തേൺ ഗാനറ്റ്’ പക്ഷികളുടെ മുട്ടകളിലാണ് പഠനം നടത്തിയത്. 1990-കളിൽ മുട്ടകളിൽ 100 പി.പി.ബി (ppb) ആയിരുന്ന വിഷാംശം 2024-ൽ 26 പി.പി.ബി ആയി കുറഞ്ഞു.2000-മാണ്ടിന്റെ തുടക്കത്തിൽ ഇത്തരം രാസവസ്തുക്കൾക്കെതിരെ ആഗോളതലത്തിൽ ഉണ്ടായ കർശന നിയന്ത്രണങ്ങളാണ് ഈ മാറ്റത്തിന് പിന്നിൽ. പ്രധാന രാസവസ്തു നിർമ്മാതാക്കളായ 3M ഉൾപ്പെടെയുള്ള കമ്പനികൾ അപകടകാരികളായ പി.എഫ്.ഒ.എസ് (PFOS) പോലുള്ള ഘടകങ്ങൾ ഒഴിവാക്കാൻ നിർബന്ധിതരായി.

2009-ലെ സ്റ്റോക്ക്ഹോം കൺവെൻഷനും യുണൈറ്റഡ് നേഷൻസിന്റെ ഇടപെടലുകളും വഴി സൈനിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്ന അഗ്നിശമന പതകളിൽ നിന്നും ഇത്തരം രാസവസ്തുക്കൾ നീക്കം ചെയ്തത് ജലമലിനീകരണം കുറയ്ക്കാൻ സഹായിച്ചു.

കാനഡയിലെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പിലെ ഇക്കോടോക്സിക്കോളജിസ്റ്റ് റാഫേൽ ലാവോയി ഈ കണ്ടെത്തലിനെ “മികച്ച വാർത്ത” എന്നാണ് വിശേഷിപ്പിച്ചത്. എങ്കിലും, പഴയ രാസവസ്തുക്കൾക്ക് പകരം കമ്പനികൾ ഉപയോഗിക്കുന്ന പുതിയ തലമുറ പി.എഫ്.എ.എസ് ഘടകങ്ങൾ ഇപ്പോഴും ഭീഷണിയായി തുടരുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പതിറ്റാണ്ടുകളോളം പ്രകൃതിയിൽ അവശേഷിക്കുന്ന ഈ വിഷാംശങ്ങൾക്കെതിരെ ജാഗ്രത തുടരണമെന്നാണ് ഗവേഷകർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *