ശ്രീനഗർ: പ്രണയിനിയെ കാണാൻ നിയന്ത്രണരേഖ (LoC) കടന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ അധീന കശ്മീരിലെ (PoK) 22-കാരനായ സീഷാൻ മിറിനെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. ജമ്മു-കശ്മീരിലെ ഉറിയിൽ താമസിക്കുന്ന യുവതിയുമായി സാമൂഹികമാധ്യമങ്ങളിലൂടെ പരിചയത്തിലായതിനെ തുടർന്നാണ് ഇയാൾ മേയ് 31-ന് നിയന്ത്രണരേഖ കടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇന്ത്യൻ സൈന്യം പിടികൂടിയ സീഷാൻ മിറിനെതിരെ ആദ്യം വിദേശികളുടെ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. എന്നാൽ സുരക്ഷാ ഏജൻസികളുടെ അന്വേഷണത്തിൽ ഭീകരപ്രവർത്തനമോ നുഴഞ്ഞുകയറ്റ ലക്ഷ്യമോ ഇല്ലെന്നും പ്രണയിനിയെ കാണാനാണ് അതിർത്തി കടന്നതെന്നും കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയും നാടുകടത്താൻ അനുമതി നൽകുകയും ചെയ്തു.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സീഷാൻ മിറിനെ ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ച് പാകിസ്ഥാൻ അധികൃതർക്ക് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു.

