വാഷിങ്ടൺ: ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ വീണ്ടും ഭീഷണിപരമായ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ഇറാന്റെ ഉന്നത നേതൃത്വത്തെ ഒറ്റ ആക്രമണത്തിലൂടെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ അങ്ങനെ ചെയ്താൽ ചർച്ച നടത്താൻ ആരും ശേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയെ ഇറാൻ ശക്തമായി അപലപിച്ചു. വ്യക്തികളെ കൊല്ലാനാകുമെങ്കിലും ആശയങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കാനാകില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഈ പരാമർശം നാഗരികതയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരായ ഭീഷണിയാണെന്നും ഇറാൻ ആരോപിച്ചു.
ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. ചടങ്ങിനിടെ അമേരിക്കയ്ക്കും ട്രംപിനുമെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളും ഉയർന്നു. ഖമേനിയുടെ മരണത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന ശ്രദ്ധ നേടുന്നത്.

