മോസ്കോ: റഷ്യ–യുക്രൈൻ യുദ്ധം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ വ്യക്തമാക്കി. മോസ്കോയിൽ നടന്ന വിക്ടറി ഡേ പരിപാടിക്കുശേഷമാണ് പുടിന്റെ പ്രതികരണം. സമാധാനചർച്ചകൾക്കും സ്ഥിരമായ ധാരണയ്ക്കും റഷ്യ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുക്രൈനുമായുള്ള സംഘർഷം അവസാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പുടിൻ പറഞ്ഞു. എന്നാൽ ദീർഘകാല സമാധാനകരാർ ഉണ്ടാകാതെ യുക്രൈൻ പ്രസിഡന്റ് വൊളാഡിമർ സെലൻസ്‌കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ച നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇടപെടലിനെ തുടർന്ന് റഷ്യയും യുക്രൈനും തമ്മിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ആയിരം വീതം യുദ്ധതടവുകാരെ കൈമാറുന്നതിനും സമ്മതിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, വെടിനിർത്തൽ നിലവിലുണ്ടായിരുന്നിട്ടും ഇരുപക്ഷവും പരസ്പരം കരാർ ലംഘിച്ചതായി ആരോപിച്ചു. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.

