ഹൈദരാബാദ്: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഡിജിപിയുമായ വിനയ് രഞ്ജൻ റായ്യുടെ ഭാര്യ തനൂജ റായിയെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടുജോലിക്കാരിയുടെയും സംഘത്തിന്റെയും പങ്ക് പൊലീസ് സംശയിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രശാസൻ നഗറിലെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവസമയത്ത് വിനയ് രഞ്ജൻ റായ് ബെംഗളൂരുവിലായിരുന്നുവെന്നും കുടുംബാംഗങ്ങളിൽ ചിലർ വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു. തനൂജ റായിയെ കൈകാലുകൾ കെട്ടിയ നിലയിലും വായിൽ തുണി തള്ളിക്കയറ്റിയ നിലയിലുമാണ് കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിനിയായ കല്പന എന്ന സ്ത്രീയെ മുഖ്യപ്രതിയായി പൊലീസ് സംശയിക്കുന്നു. ഇവർ മൂന്ന് പേരെ വീട്ടിനുള്ളിൽ കടത്തിവിട്ടതാകാമെന്നാണ് സൂചന. സംഭവത്തിന് ശേഷം സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ് പൊലീസ് കമ്മിഷണർ വി.സി. സജ്ജനാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.

