സിഡ്‌നി: സിഡ്‌നിയിലെ ഫോറസ്റ്റ് ലോഡ്ജിലുള്ള ട്രാംഷെഡ് ഷോപ്പിംഗ് സെന്ററിൽ കൗമാരക്കാർ നടത്തിയ അതിക്രമങ്ങളിൽ ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടം. ആഴ്ചകളായി തുടരുന്ന കൗമാരക്കാരുടെ അഴിഞ്ഞാട്ടത്തിൽ ഷോപ്പിംഗ് സെന്റർ ജീവനക്കാരും വ്യാപാരികളും കടുത്ത പ്രതിസന്ധിയിലാണ്. 13-ഉം 14-ഉം വയസ്സുള്ള കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് സെന്ററിനുള്ളിൽ കടന്ന കുട്ടികൾ അവിടുത്തെ ഫയർ ഹോസ് തുറന്നു വിടുകയായിരുന്നു. ആറ് മണിക്കൂറോളം വെള്ളം ഒഴുക്കിവിട്ടതിനെത്തുടർന്ന് ഷോപ്പിംഗ് സെന്ററിലെ രണ്ട് എസ്‌കലേറ്ററുകളും ശുചിമുറികളും പൂർണ്ണമായും പ്രവർത്തനരഹിതമായി. സമീപത്തെ മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം തടസ്സപ്പെടുകയും രോഗികളുടെ അപ്പോയിന്റ്‌മെന്റുകൾ മാറ്റിവെക്കേണ്ടി വരികയും ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെന്ററിൽ അറ്റകുറ്റപ്പണികൾ നടന്നു വരികയാണെന്നും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്നും റിവെലപ്പ് കൊമേഴ്‌സ്യൽ മാനേജർ അലക്സ് മൈക്കൽ പറഞ്ഞു. തകർന്ന ഭാഗങ്ങൾ മാറ്റുന്നതിനും നനഞ്ഞ ഇടങ്ങൾ ഉണക്കുന്നതിനുമായി വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംഭവത്തിൽ പോലീസിനെയും കുട്ടികൾ പഠിക്കുന്ന സ്കൂളിനെയും വിവരമറിയിച്ചെങ്കിലും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് മാനേജ്‌മെന്റ് കുറ്റപ്പെടുത്തുന്നു.
ഷോപ്പിംഗ് സെന്ററിലെത്തുന്ന ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് ഈ സംഘം സൃഷ്ടിക്കുന്നത്. നിലവിലെ നിയമസംവിധാനം പരാജയപ്പെട്ടതായും പ്രാദേശിക ബിസിനസ്സുകളെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും അലക്സ് മൈക്കൽ കൂട്ടിച്ചേർത്തു. കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രവണതകൾ ഇനിയും തുടരാതിരിക്കാൻ മാതാപിതാക്കൾ ഇടപെടണമെന്നാണ് സെന്റർ അധികൃതരുടെ അഭ്യർത്ഥന.

