ന്യൂഡൽഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സെൻസസ് നടപടികളുടെ ഭാഗമായി, 2027-ലെ സെൻസസിന്റെ ഒന്നാം ഘട്ടത്തിന് കീഴിലുള്ള ഭവന സെൻസസ്, ഭവനങ്ങളുടെ പട്ടികപ്പെടുത്തൽ എന്നിവയുൾപ്പെടുന്ന ഫീൽഡ് പ്രവർത്തനങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടി ആരംഭിച്ചു. രാജസ്ഥാൻ, മേഘാലയ, മഹാരാഷ്ട്ര, ഝാർഖണ്ഡ്, കൂടാതെ ഡൽഹി എൻ.സി.ടിയിലെ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി മേഖല എന്നിവിടങ്ങളിലാണ് പുതുതായി ഫീൽഡ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
അതേസമയം ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ബിഹാർ, ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ദാദ്ര ആൻഡ് നഗർ ഹവേലി – ദാമൻ ആൻഡ് ദിയു, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ എന്യൂമറേറ്റർമാരുടെ വീടുവീടാന്തരമുള്ള ഭവന പട്ടികപ്പെടുത്തൽ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരമ്പരാഗതമായി തുടരുന്ന വീടുവീടാന്തരമുള്ള കണക്കെടുപ്പ് രീതി നിലനിർത്തിക്കൊണ്ടുതന്നെ, രാജ്യ ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തവണ സെൻസസ് 2027 നടത്തുന്നത്. വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർ നടത്തുന്ന ഫീൽഡ് സന്ദർശന വേളയിൽ, ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത 33 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് ഉപയോഗിക്കുന്നത്. ജനങ്ങളുടെ പാർപ്പിട അവസ്ഥകൾ, കുടുംബ വിവരങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, കുടുംബങ്ങളുടെ ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളാണ് ഈ ചോദ്യാവലിയിലൂടെ ശേഖരിക്കുന്നത്.
ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യവും ഇത്തവണ ഒരുക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരുകോടി 44 ലക്ഷത്തിലധികം കുടുംബങ്ങൾ ഔദ്യോഗിക പോർട്ടൽ വഴി സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. ഈ നീക്കം ഇന്ത്യൻ സെൻസസ് നടപടികളുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ഡിജിറ്റൽ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

