ആംസ്റ്റർഡാം: നെതർലൻഡ്സിലെ പ്രശസ്തമായ ‘അഫ്സ്ലൂയിറ്റ്ഡൈക്’ (Afsluitdijk) അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനൊപ്പം (Rob Jetten) നടത്തിയ ഈ സന്ദർശനം ജലമാനേജ്മെന്റ്, പ്രളയ പ്രതിരോധം, ശുദ്ധജല സംഭരണം എന്നിവയിൽ നെതർലൻഡ്സിന്റെ എൻജിനീയറിങ് മികവും നൂതന സാങ്കേതികവിദ്യയും നേരിട്ടറിയുന്നതിനായിരുന്നു.
ഗുജറാത്തിലെ കൽപസാർ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഗുജറാത്തിലെ ഖംഭാത് ഉൾക്കടലിന് സമീപം ഒരു കൂറ്റൻ ശുദ്ധജല സംഭരണിയും അണക്കെട്ടും നിർമ്മിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യയുടെ കൽപസാർ പദ്ധതി. സമാനമായ രീതിയിൽ കടലിനോട് ചേർന്നുള്ള ഡച്ച് അണക്കെട്ടിന്റെ സാങ്കേതിക വൈദഗ്ധ്യം ഇന്ത്യൻ പദ്ധതിക്ക് ഏറെ പ്രയോജനപ്പെടുമെന്ന് സന്ദർശനത്തിൽ വിലയിരുത്തി.
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കൽ, വാട്ടർ ടെക്നോളജി, സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനുള്ള അവസരങ്ങൾക്ക് ഈ ഔദ്യോഗിക സന്ദർശനം അടിത്തറയിട്ടു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ജലമാനേജ്മെന്റ് മാതൃകകളിലൊന്നാണ് ഡച്ച് വൈദഗ്ധ്യമെന്ന് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിവരയിട്ടു പറഞ്ഞു.

