ട്രംപിന്റെ നാടുകടത്തൽ നടപടി, അഭയം നൽകാൻ പാരാഗ്വായ് തയ്യാർ; ആദ്യസംഘം നാളെ എത്തും

അസുൻസിയോൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടപ്പിലാക്കുന്ന കൂട്ടനാടുകടത്തൽ (Mass Deportation) നടപടികളുടെ ഭാഗമായി പുറത്താക്കപ്പെടുന്ന അന്യരാജ്യക്കാരെ സ്വീകരിക്കാൻ തയ്യാറാണെന്ന് പാരാഗ്വായ് സർക്കാർ പ്രഖ്യാപിച്ചു. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുന്ന, പാരാഗ്വായ് പൗരന്മാരല്ലാത്ത വ്യക്തികളെ തങ്ങളുടെ രാജ്യത്ത് താമസിപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാണ് പാരാഗ്വായ് രംഗത്തെത്തിയിരിക്കുന്നത്.

സ്പാനിഷ് സംസാരിക്കുന്ന 25 പേരുടെ ആദ്യസംഘം നാളെ പാരാഗ്വായയിൽ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇവരെ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ പൂർത്തിയായതായും മന്ത്രാലയം വ്യക്തമാക്കി. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാത്തവരോ അല്ലെങ്കിൽ അമേരിക്കയുമായി നാടുകടത്തൽ കരാറില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവരോ ആയ വ്യക്തികളെയാകാം പാരാഗ്വായ് സ്വീകരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ കർശനമായ നയങ്ങൾക്കിടയിൽ, പാരാഗ്വായ്യുടെ ഈ നീക്കം വലിയ രാജ്യാന്തര ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ എത്തുന്നവർക്ക് ജോലി ചെയ്യുന്നതിനും രാജ്യത്ത് താമസിക്കുന്നതിനുമുള്ള അനുമതി നൽകുന്നത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പാരാഗ്വായ് ഭരണകൂടം പുറത്തുവിടും. യുഎസുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *