തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ സി.ജോസഫ് വിജയ് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം സർക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ ടിവികെ ഭൂരിപക്ഷം ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയോടൊപ്പം ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, വിജയിയുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖർ, ശോഭാ ചന്ദ്രശേഖർ എന്നിവരും സിനിമ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ചിരുന്ന ആറു ദശാബ്ദത്തിലേറെ നീണ്ട രാഷ്ട്രീയ ആധിപത്യത്തിനാണ് വിജയിയുടെ അധികാരാരോഹണത്തോടെ വിരാമമായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പ്രത്യേക ലഹരിവിരുദ്ധ ടാസ്ക് ഫോഴ്സ്, വനിതാ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം തുടങ്ങിയ ആദ്യ ഉത്തരവുകളിലും വിജയ് ഒപ്പുവച്ചതായി റിപ്പോർട്ടുകളുണ്ട്.

