ഡാക്കറിൽ നിന്ന് റോമിലേക്കുള്ള ഐടിഎ എയർവേയ്‌സ് വിമാനത്തിൽ യാത്രയ്ക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി. 34,000 അടി ഉയരത്തിൽ നടന്ന അപൂർവ സംഭവത്തിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വിമാനം പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഏഴ് മാസം ഗർഭിണിയായ യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് വിമാനത്തിലെ ജീവനക്കാർ യാത്രക്കാരിൽ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമുണ്ടോയെന്ന് അന്വേഷിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും നഴ്സും അടിയന്തര സഹായത്തിനായി മുന്നോട്ടുവന്നു.വിമാനത്തിനുള്ളിൽ തന്നെ താത്കാലിക സൗകര്യം ഒരുക്കി ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും സഹായത്തോടെ പ്രസവം നടത്തി.
കുഞ്ഞ് ജനിച്ചതിനെ തുടർന്ന് അമ്മയ്ക്കും നവജാത ശിശുവിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി വിമാനം തിരികെ ഡാക്കറിലേക്ക് തിരിച്ചുവിട്ടു.സുരക്ഷിതമായി ഇറക്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിമാനം വീണ്ടും റോമിലേക്കുള്ള യാത്ര തുടർന്നു. വിമാനയാത്രയ്ക്കിടെ കുഞ്ഞ് ജനിക്കുന്ന ആദ്യ സംഭവമാണിതെന്ന് ഐടിഎ എയർവേയ്‌സ് അറിയിച്ചു.

