വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ആക്രമണം തുടരുന്നു; റഷ്യ–ഉക്രൈൻ സംഘർഷത്തിന് ശമനമില്ല

കീവ്: റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന അവകാശവാദങ്ങൾ ഉയരുന്നതിനിടെ, യഥാർത്ഥത്തിൽ ആക്രമണങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ടുകൾ. സമാധാന ശ്രമങ്ങൾ മുന്നോട്ടുപോകുന്നുവെന്ന സൂചനകൾ ഉണ്ടായിട്ടും യുദ്ധഭൂമിയിലെ സാഹചര്യം കാര്യമായി മാറിയിട്ടില്ല.ഉക്രൈൻ പ്രസിഡന്റ് വൊളാഡിമർ സെലൻസ്കി, റഷ്യ പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനിടയിലും ആക്രമണങ്ങൾ തുടർന്നുവെന്ന് ആരോപിച്ചു. മുൻനിര മേഖലകളിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും തുടരുകയാണെന്ന് ഉക്രൈൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ദീർഘകാല സമാധാന കരാറില്ലാതെ താത്കാലിക വെടിനിർത്തലിന് പ്രസക്തിയില്ലെന്നാണ് റഷ്യയുടെ നിലപാട്. ഉക്രൈൻ സൈന്യത്തിന് പുനഃസംഘടനയ്ക്കുള്ള അവസരം മാത്രമാകും ഇടക്കാല വെടിനിർത്തൽ നൽകുകയെന്ന് ക്രെംലിൻ വൃത്തങ്ങൾ പ്രതികരിച്ചു.

ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളിൽ തടവുകാരുടെ കൈമാറ്റം പോലുള്ള കാര്യങ്ങളിൽ ധാരണയായെങ്കിലും വെടിനിർത്തലിൽ യാതൊരു നിർണായക പുരോഗതിയും ഉണ്ടായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രപരമായ ചർച്ചകൾ അനിവാര്യമാണെന്ന് വിവിധ രാജ്യങ്ങൾ ആവർത്തിച്ചെങ്കിലും, റഷ്യയും ഉക്രൈനും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ “വെടിനിർത്തലില്ലാത്ത വെടിനിർത്തൽ” എന്ന അവസ്ഥയിലാണ് യുദ്ധം തുടരുന്നതെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *