കൊച്ചി: രാജ്യത്തെ ആദ്യ അംഗീകൃത വാണിജ്യ സീപ്ലെയിൻ സർവീസ് അടുത്ത ആഴ്ച ആരംഭിക്കും. സ്‌കൈ ഹോപ് ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിക്കാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് അനുവദിച്ചത്. ആദ്യഘട്ടത്തിൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കും ദ്വീപുകൾക്കിടയിലുമായി സർവീസ് നടത്താനാണ് പദ്ധതി.
19 സീറ്റുകളുള്ള De Havilland Canada DHC-6 Twin Otter വിമാനമാണ് സീപ്ലെയിനാക്കി മാറ്റിയിരിക്കുന്നത്. വെള്ളത്തിലും ചെറു റൺവേയിലും ഒരുപോലെ ഇറങ്ങാനും പറക്കാനും കഴിയുന്ന രീതിയിലാണ് വിമാനം രൂപാന്തരപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ഗംഗാ ബാരേജിൽ നടത്തിയ പരീക്ഷണ പറക്കലുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അനുമതി ലഭിച്ചത്.
കൊച്ചി–ലക്ഷദ്വീപ് സർവീസിനുള്ള അന്തിമ അനുമതികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണെന്നും സർവീസ് ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിന്നീട് കേരളത്തിനുള്ളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും സീപ്ലെയിൻ ശൃംഖലയിലൂടെ ബന്ധിപ്പിക്കാനാണ് പദ്ധതി.
ദുര്‍ഗമ പ്രദേശങ്ങളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായും സീപ്ലെയിൻ സർവീസുകൾക്ക് പ്രോത്സാഹനം നൽകുന്നുണ്ട്.

