ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് കടത്തിപ്പോയ 657 പുരാവസ്തുക്കൾ അമേരിക്ക ഇന്ത്യയ്ക്ക് തിരികെ കൈമാറി. ഏകദേശം 14 മില്യൺ ഡോളർ (₹130 കോടിയിലധികം) മൂല്യമുള്ളവയാണ് ഇവ.ന്യൂയോർക്കിലെ മാന്ഹാറ്റൻ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗ് ആണ് വിവരമറിയിച്ചത്. അന്തർദേശീയ പുരാവസ്തു കടത്ത് ശൃംഖലകളെതിരെ നടത്തിയ അന്വേഷണങ്ങളിലൂടെയാണ് വസ്തുക്കൾ വീണ്ടെടുത്തത്.
പ്രധാന പ്രതികളായി കണക്കാക്കപ്പെടുന്ന സുഭാഷ് കപൂർ, നാൻസി വീനർ എന്നിവരുമായി ബന്ധപ്പെട്ട ശൃംഖലകളിൽ നിന്നാണ് പല വസ്തുക്കളും കണ്ടെത്തിയത്.തിരികെ നൽകിയവയിൽ അവലോകിതേശ്വരന്റെ വെങ്കല പ്രതിമ, ചുവന്ന മണൽക്കല്ലിൽ നിർമ്മിച്ച ബുദ്ധപ്രതിമ, മധ്യപ്രദേശിലെ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ നൃത്തഗണേശ പ്രതിമ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയിൽ ചിലത് കോടികൾ വിലവരുന്ന അപൂർവ ശില്പങ്ങളാണ്.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അധികൃതർക്കാണ് പുരാവസ്തുക്കൾ ഔപചാരികമായി കൈമാറിയത്.ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന അന്തർദേശീയ കടത്ത് ശൃംഖലകൾ വ്യാപകമാണെന്നും കൂടുതൽ പുരാവസ്തുക്കൾ തിരിച്ചുപിടിക്കാൻ ശ്രമം തുടരുമെന്നും അധികൃതർ അറിയിച്ചു.

