അമേരിക്കൻ ഉപരോധം തുടർന്നാൽ ചെംകടലും പേർഷ്യൻ ഗൾഫും അടയ്ക്കും: ഭീഷണിയുമായി ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുകയാണെങ്കിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകൾ തടയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റാരെയും ഈ മേഖലയിലൂടെ വ്യാപാരത്തിന് അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇറാൻ സൈനിക വക്താക്കൾ. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും.അമേരിക്കൻ ഉപരോധം ഭയന്ന് ഇറാന്റെ എണ്ണക്കപ്പലുകൾ തിരിച്ചുപോകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. കഴിഞ്ഞ ദിവസം ഉപരോധം മറികടക്കാൻ ശ്രമിച്ച ഒരു ഇറാനിയൻ ടാങ്കർ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ ഹോർമുസ് കടലിടുക്കിൽ നിന്ന് തിരിച്ചോടേണ്ടി വന്നിരുന്നു. നിലവിൽ ചെങ്കടലിൽ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ ആഗോള വ്യാപാരത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇറാന്റെ പുതിയ ഭീഷണി അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *