കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
നിതിൻ രാജിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസിനോടൊപ്പം അധ്യാപിക ലത നൽകിയ ലോൺ ആപ്പ് പരാതിയുമായി ബന്ധപ്പെട്ട കേസും ക്രൈംബ്രാഞ്ച് പരിശോധിക്കും. നേരത്തെ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണ ഫയലുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
അടുത്ത ദിവസങ്ങളിൽ നിതിൻ രാജിന്റെ സഹപാഠികൾ, ഹോസ്റ്റൽ താമസക്കാർ, ആരോപണ വിധേയരായ അധ്യാപകർ, മെഡിക്കൽ കോളജിലെ ജീവനക്കാർ എന്നിവരിൽ നിന്ന് മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും.
മകന്റെ മരണത്തിന് കാരണം ജാതി അധിക്ഷേപമാണെന്ന് നിതിൻ രാജിന്റെ പിതാവ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണയും പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ആരോപണവിധേയനായ ഡോ. എം.കെ. റാം ഇപ്പോഴും ഒളിവിലാണെന്നാണ് റിപ്പോർട്ട്.

